മലയാള സാഹിത്യം – വിശേഷിച്ച്, കവിത – , കേരള സഞ്ചാരം, ചരിത്രം, സാഹിത്യ സിദ്ധാന്തങ്ങള്‍, താരതമ്യ സാഹിത്യം, ഭാഷാ ശാസ്ത്രം, വ്യാകരണം, എന്നീ മേഖലകളില്‍ പഠനവും ഗവേഷണവും നിര്‍വ്വഹിക്കുകയാണ് വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ ലക്ഷ്യം. 1979 ലാണ് വിദ്യാപീഠം സ്ഥാപിച്ചത്. സ്ഥാപക ഡയറക്ടര്‍: ഡോ. കെ. എന്‍. എഴുത്തച്ഛന് (1981 ല്‍ അന്തരിച്ചു.) പിന്നീട് എന്‍. വി. കൃഷ്ണ വാരിയര്‍ ഡയറക്ടറായി (1989 വരെ)
ഗ്രന്ഥശാല
വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ സിരാകേന്ദ്രമായ ഗ്രന്ഥശാലയില്‍ മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി തമിഴ്, ഭാഷാവിഭാഗങ്ങളിലായി ആകെ 30,000 പുസ്തകങ്ങളുണ്ട്. കവിത, നോവല്‍, ചെറുകഥ, നാടകം, വിമര്‍ശനം, സാഹിത്യശാസ്ത്രം ചരിത്രം, സാമൂഹ്യശാസ്ത്രം, ആയുര്‍വേദം, വൈദിക സാഹിത്യം, പുരാണം, ഇതിഹാസം, തുടങ്ങിയ വിവിധ മേഖലകളിലുളള പഴയതും, പുതിയതുമായ പുസ്തകങ്ങള്‍ സംഭരിച്ചിട്ടുണ്ട്. കൂടാതെ, ആനുകാലിക പ്രസിദ്ധീകരണങ്ങളും, ഗവേഷകര്‍ക്ക് ഉപയോഗപ്പെടാവുന്ന മാസിക – വാരികാദികളുടെ മുന്‍ വാള്യങ്ങളുമുണ്ട്.
സാമൂതിരി കൊട്ടാരം രേഖകള്‍
മലബാറിന്റെ രാഷ്ട്രീയവും, സാമൂഹികവും, സാംസ്ക്കാരികവുമായ ചരിത്രം സംബന്ധിച്ചു ഗവേഷണം ചെയ്യുന്നവര്‍ക്ക് വിലപ്പെട്ട പ്രിയങ്കരമായ സാമഗ്രിയാണ് സാമൂതിരി കൊട്ടരം രേഖകള്‍. കോഴിക്കോട് താലൂക്കിലെ സ്ഥലനാമങ്ങളെക്കുറിച്ചും, സാമൂതിരി ചരിത്രം സംബന്ധിച്ചും, ഗവേഷണത്തിലേര്‍പ്പെട്ട കലാശാലാ ചരിത്ര വിഭാഗത്തിലെ അധ്യാപകന് ഡോ. എം. ആര്. രാഘവവാരിയരുടേയും പരിശ്രമത്തിന്റെ ഫലമായിട്ടാണ് 1990 ല്‍ സാമൂതിരി എസ്റ്റേറ്റ് ജോയിന്റ് റിസീവര്‍ കോടതിയുടെ അനുവാദത്തോടെ ഈ പുരാരേഖാസമുച്ചയം വിദ്യാപീഠത്തിന്നു കൈമാറിയത്. കോഴിക്കോട് സാമൂതിരി കോവിലകത്തു സൂക്ഷിച്ചിരുന്ന പഴക്കം ചെന്ന ഒട്ടേറെ ചരിത്രരേഖകള്‍ പലകാലത്തായി നശിച്ചു പോവുകയുണ്ടായി. അവശേഷിച്ചിരുന്ന രേഖകള്‍ കൈമാറിയത് ഇപ്പോള്‍ ഈ ഗ്രന്ഥശാലയില്‍ ഒരു പ്രത്യേക വിഭാഗമായി സംരക്ഷിക്കുന്നു.
താളിയോലഗ്രന്ഥങ്ങള്‍ 70 എണ്ണം.
ലെഡ്ജര്‍ വാള്യങ്ങള്‍ 404 എണ്ണം.
മുളം കരണങ്ങള്‍ 2 എണ്ണം.
വില്ലേജ് മാപ്പുകള്‍ 118 എണ്ണം.
ഈ രേഖാ സമുച്ചയത്തിന്റെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാറിന്റെ ദേശീയ ആര്‍ക്കൈവ്സ് വകുപ്പ് ധനസഹായം ചെയ്തിട്ടുണ്ട്.
പുരാരേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പ് തെയ്യാറാക്കുന്ന ഒരു പദ്ധതി മലപ്പുറം ജില്ലാ കലക്റ്ററായിരുന്ന എം. ശിവശങ്കര്‍ ഐ. എ. എസ്. , കൊച്ചി ഇന്‍ഫോ പാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കെ. ജി. ഗിരീഷ് ബാബു, നെഹ്റു യുവകേന്ദ്രം മലപ്പുറം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ എന്നിവരുടെ സഹായത്തോടെ നടപ്പിലാക്കിയിട്ടുണ്ട്. ഹരിജനക്ഷേമ വകുപ്പിന്റെയും, നെഹ്റു യുവ കേന്ദ്രത്തിന്റെയും, സഹകരണത്തോടെ രണ്ടു ഘട്ടമായി എസ്. സി. വിഭാഗത്തില്‍പ്പെട്ട 18 യുവതീ യുവാക്കള്‍ക്ക് ഡിജിറ്റല്‍ പകര്പ്പെടുക്കുവാന് പരിശീലനം നല്കി.